Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Tableau

നാവികസേനയുടെ റിപ്പബ്ലിക് ദിന നിശ്ചലദൃശ്യം: മലയാളി കരുത്തില്‍ ഭാരതത്തിന്റെ കടല്‍ക്കരുത്ത്

ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നാവികസേന അവതരിപ്പിക്കുന്ന നിശ്ചലദൃശ്യത്തില്‍ ശ്രദ്ധേയമായ മലയാളി സാന്നിധ്യം. 'പാരമ്പര്യത്തില്‍ നങ്കൂരമിട്ട് ആത്മനിര്‍ഭരതയിലേക്ക്' എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ നിശ്ചലദൃശ്യത്തില്‍ കേരളവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്.

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ മാതൃകയാണ് നിശ്ചലദൃശ്യത്തിലെ പ്രധാന ആകര്‍ഷണം. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മിച്ച ഈ കപ്പല്‍ ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വലിയ പ്രതീകമാണ്.

അഞ്ചാം നൂറ്റാണ്ടിലെ കപ്പലുകളെ മാതൃകയാക്കി തുന്നിച്ചേര്‍ത്ത കപ്പലായ ഐഎന്‍എസ്.വി കൗണ്ടിന്യയുടെ മാതൃകയും പരേഡിലുണ്ടാകും. വയനാട്ടിലെ കരിമരുത് ഉള്‍പ്പെടെയുള്ള തടികള്‍ ഉപയോഗിച്ച് കേരളത്തിലെ വിദഗ്ധരായ തൊഴിലാളികളാണ് ഈ കപ്പല്‍ നിര്‍മ്മിച്ചത്. ഇതിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് മലയാളി കപ്പല്‍ നിര്‍മ്മാണ വിദഗ്ധനായ ബാബു ശങ്കരനാണ്.

ലോകം ചുറ്റിയുള്ള നാവിക സാഗര്‍ പരിക്രമ-2 ദൗത്യം പൂര്‍ത്തിയാക്കിയ ഐഎന്‍എസ്‌വി തരിണി എന്ന പായക്കപ്പലിന്റെ മാതൃകയും നിശ്ചലദൃശ്യത്തിലുണ്ട്. ഈ സാഹസിക ദൗത്യത്തില്‍ പങ്കെടുത്ത രണ്ട് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിനിയായ ലഫ്. കമാന്‍ഡര്‍ ദില്‍ന കെ. ആണ്.

നിശ്ചലദൃശ്യം രൂപകല്‍പ്പന ചെയ്തവരിലൊരാള്‍ നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോയിലെ ലഫ്. ലക്ഷ്മി കെ. രവിയാണ്. കൂടാതെ, ഐ.എന്‍.എസ്.വി കൗണ്ടിന്യ പ്രോജക്റ്റിനും സാഗര്‍ പരിക്രമ ദൗത്യത്തിനും മേല്‍നോട്ടം വഹിച്ചത് ഗോവയിലെ ഓഷ്യന്‍ സെയിലിംഗ് നോഡ് തലവനായ ക്യാപ്റ്റന്‍ പ്രശാന്ത് സി. മേനോന്‍ എന്ന മലയാളി ഉദ്യോഗസ്ഥനാണ്.

ഇന്ത്യയുടെ പൗരാണിക നാവിക പാരമ്പര്യത്തെയും ആധുനിക സാങ്കേതിക വിദ്യയെയും കോര്‍ത്തിണക്കുന്ന ഈ നിശ്ചലദൃശ്യം ജനുവരി 26-ന് കര്‍ത്തവ്യപഥില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിന്റെ തനതായ കപ്പല്‍ നിര്‍മ്മാണ കലയും മലയാളി ഉദ്യോഗസ്ഥരുടെ മികവും ഈ ദേശീയ വേദിയില്‍ ഒരിക്കല്‍ കൂടി ആദരിക്കപ്പെടുകയാണ്.

Latest News

Corehub Up